ബംഗളൂരു: കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. അതിർത്തികളിൽ പരിശോധന ശക്തമാക്കുകയും ചെയ്തു.
കേരളത്തിൽ നിന്നെത്തി ഹോട്ടൽ, റിസോർട്ട്, ഡോർമെറ്ററി, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ തങ്ങുന്നവർ ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കണം. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ കേരളത്തിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ബെംഗളൂരുവിലെ കെ.ടി. നഗറിലുള്ള ഒരു നഴ്സിങ് കോളജിലെ നിരവധി വിദ്യാർഥികൾക്കു കഴിഞ്ഞ ദിവസം കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.
കേരള, മഹാരാഷ്ട്ര അതിർത്തികളിൽ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. ചൊവ്വാഴ്ച മുതൽ നടപടി ശക്തമാക്കാൻ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു