ഇന്ത്യയിൽ നിന്ന് ആറിലേറെ കൊറോണ വാക്‌സിനുകൾ കൂടി പുറത്തിറങ്ങും

ഭോപ്പാൽ: ഇന്ത്യയിൽ നിന്ന് ആറിലേറെ കൊറോണ വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഹർഷ വർധൻ പറഞ്ഞു.

ഭോപ്പാലിലെ എൻഐആർഇഎച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കൊറോണ വർഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വർഷമായി ഓർമ്മിക്കപ്പെടുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങളെയും മന്ത്രി പ്രശംസിച്ചു.

കൊറോണക്കെതിരായ പോരാട്ടം രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദേഹം എടുത്തുപറഞ്ഞു. ലോക നേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രമമെന്നും അദേഹം കൂട്ടിച്ചേർത്തു.