ന്യൂഡെൽഹി: കൊറോണ ബാധിച്ച് ബിജെപി മധ്യപ്രദേശ് മുൻ അധ്യക്ഷനും ലോക്സഭാംഗവുമായ നന്ദകുമാർ സിംഗ് ചൗഹാൻ അന്തരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വയില് നിന്നുള്ള ലോക്സഭാംഗമാണ് നന്ദകുമാർ സിംഗ് ചൗഹാൻ. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
ജനുവരി 11നാണ് നന്ദകുമാർ സിംഗ് ചൗഹാന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഭോപ്പാലില്‍ നിന്നും ഗുഡ്ഗാവിലെത്തിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.
1996 മുതല്‍ 2009 വരെയും 2014 മുതൽ ഇതു വരെയും ഖണ്ഡ്വ മണ്ഡലത്തിലെ എം പിയായിരുന്നു ചൗഹാൻ. നന്ദകുമാർ സിംഗ് ചൗഹാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി ദേശീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.