ന്യൂഡെൽഹി: ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനിയിലെ സർക്കാർ ഉദ്യോഗസ്ഥനാണ് പ്രതി. 16 വയസ്സുള്ള വിദ്യാർഥിനിയായ അകന്ന ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാൾക്കെതിരായ പരാതി.
പോക്സോ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിൻ്റെ വിചിത്ര പരാമർശം. പ്രതിയോട് സുപ്രീംകോടതി പറഞ്ഞതിങ്ങനെ-“പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കിൽ ഞങ്ങൾ സഹായിക്കാം. ഇല്ലെങ്കിൽ നിങ്ങളുടെ ജോലി നഷ്ടപ്പെടും. ജയിലിൽ പോകേണ്ടിയും വരും. ഒരു പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിങ്ങൾ ബലാത്സംഗം ചെയ്തിരിക്കുന്നു”.
പ്രതിയുടെ അഭിഭാഷകൻ പറഞ്ഞത് ഇയാളുടെ മാതാവ് വിവാഹ വാഗ്ദാനവുമായി പെൺകുട്ടിയെ സമീപിച്ചിരുന്നുവെന്നാണ്. പെൺകുട്ടി അപ്പോൾ നിരസിച്ചു. തുടർന്ന് പെൺകുട്ടിക്ക് 18 വയസ്സാകുമ്പോൾ വിവാഹം നടത്താമെന്ന് തീരുമാനിച്ചു. എന്നാൽ പെൺകുട്ടിക്ക് 18 വയസ്സായപ്പോൾ വിവാഹം ചെയ്യാൻ പ്രതി വിസമ്മതിച്ചു. പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടുകാർ ബലാത്സംഗ പരാതി നൽകിയതെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇരയെ വിവാഹം ചെയ്യാൻ ഞങ്ങൾ നിർബന്ധിക്കുകയല്ലെന്ന് കോടതി വ്യക്തമാക്കി. നിങ്ങളതിന് തയ്യാറാണോ എന്ന് അറിയിക്കുക. അല്ലെങ്കിൽ നിങ്ങൾ പറയും കല്യാണം കഴിക്കാൻ ഞങ്ങൾ നിർബന്ധിച്ചെന്ന്”.. താൻ മറ്റൊരാളെ വിവാഹം ചെയ്തെന്നായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.