മുംബൈ: ‘ടിക് ടോക്’ താരം പൂജ ചവാന്റെ (22) ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. വിദര്‍ഭയില്‍ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ് റാത്തോഡ്. റാത്തോഡിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ പൂജയുടെ ബന്ധുക്കള്‍ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് പുണെയില്‍ സഹോദരന് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പൂജ മരിച്ചത്.
തിങ്കളാഴ്ച സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ് ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് രാജിക്കത്ത് നല്‍കിയത്.സഞ്ജയ് റാത്തോഡും പൂജയുടെ ബന്ധുവും തമ്മില്‍ നടത്തിയതായി ആരോപിക്കുന്ന ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പുകള്‍ ചോര്‍ന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തുകയായിരുന്നു.
പൂജയുടെ ഗര്‍ഭം അലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ 16ന് മുഖ്യനെ കണ്ട് റാത്തോഡ് രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമൂദായത്തിന്റെ സമ്മര്‍ദം ഭയന്ന് സ്വീകരിച്ചിരുന്നില്ല.