ന്യൂഡെൽഹി: കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദം കേരളത്തിൽ കണ്ടെത്തിയെന്ന് കേന്ദ്രം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതേ വൈറസ് നേരത്തെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കണ്ടെത്തിയിരുന്നു.
രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ യോഗം ചേർന്നിരിന്നു. യോഗത്തിൽ ഇതിനെതിരെ സ്വീകരിക്കാൻ കഴിയുന്ന നടപടികളെക്കുറിച്ചും ചർച്ചചെയ്തിരുന്നു. രാജ്യത്ത് നിലവിൽ സജീവമായ ആകെ കൊറോണ കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തന്റെ വിലയിരുത്തൽ.
നിലവിൽ കേരളത്തിലെ വൈറസ് സാന്നിധ്യം വിലയിരുത്തുന്നതിനിടെയായിരുന്നു കേന്ദ്ര വെളിപ്പെടുത്തൽ. എന്നാൽ സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം ഇവയാണെന്ന് പറയാൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.മഹാരാഷ്ട്ര 37 ശതമാനം, കർണാടക 4 ശതമാനം, തമിഴ്നാട് 2.78 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന കേസുകൾ എന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് സജീവ കേസുകൾ ഒന്നര ലക്ഷത്തിനും താഴെയെത്തി. പ്രതിദിന മരണനിരക്ക് ശരാശി 100-ൽ താഴെയായി തുടരുകയാണ്. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കിൽ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.