അസംസ്‌കൃത എണ്ണവില പകുതിയായി കുറഞ്ഞിട്ടും ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക; പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ച്‌ സോണിയ ഗാന്ധി

ന്യൂഡെല്‍ഹി: അസംസ്‌കൃത എണ്ണവില യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച്‌ പകുതിയായി കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തയച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും അമിത എക്‌സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ജനങ്ങളുടെ ദുരിതത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കത്തില്‍ സോണിയ വിമര്‍ശിച്ചു. രാജ്യത്ത് പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.ഇത്തരം വിവേകശൂന്യമായ നടപടികളെ സര്‍ക്കാരിനെ എങ്ങനെയാണ് ന്യായീകരിക്കനാവുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

എക്‌സൈസ് തീരുവ ഭാഗികമായി പിന്‍വലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണം. ഒഴിവുകഴിവുകള്‍ നിരത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം പകരം പരിഹാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീതകരിക്കണമെന്നും സോണിയഗാന്ധി കത്തിൽ പറയുന്നു.

അതേസമയം രാജ്യത്തെ പല ഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. വരും ദിവസങ്ങളിലും വർധന തുടരുമെന്നാണ് സൂചന. കൂടാതെ ഉയരുന്ന ഡീസല്‍ വില കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.ഇന്ധന വില വർധനവിന് ആനുപാതികമായി നിത്യോപയോഗ സാധന വിലയും കുതിച്ചുയരുകയാണ്.