തിരുവനന്തപുരം: സർക്കാർ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുന്നതിനുമുള്ള നിരോധനം നീക്കി. കൂടാതെ ഇവിടങ്ങളിൽ ചെരിപ്പ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയതായും സാസ്‌കാരിക വകുപ്പ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
മ്യൂസിയത്തിലെ ചിത്രം പകർത്താമെങ്കിലും ഫ്ലാഷ് ഉപയോഗിക്കാൻ പാടില്ല. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചുള്ള ഫോട്ടോ, വീഡിയോ പകർത്തലുകൾക്ക് മാത്രം അനുമതി വാങ്ങണമെന്നും ഇതിന് പ്രത്യേക ഫീസ് ഈടാക്കാൻ സ്ഥാപന മേധാവികൾക്ക് അനുമതിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
സന്ദർശകർക്കൊപ്പമെത്തുന്ന സർക്കാർ അംഗീകൃത ഗൈഡുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കാം. സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും ചെരിപ്പ് ധരിച്ചാൽ കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ മാത്രം നിരോധനം തുടരാമെന്നും ഉത്തരവിൽ വ്യക്തമാക്കി.