ന്യൂഡെൽഹി : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിൽ ലോക് ഡൗൺ നീട്ടണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ്. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗൺ പിൻവലിക്കുകയാണെങ്കിൽ മൂന്ന് ഘട്ടമായി പിൻവലിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ചില മേഖലകളിൽ ഘട്ടം ഘട്ടമായി ഇളവ് നൽകണം എന്ന് എല്ലാ സംസ്ഥാനവും അറിയിച്ചു.
സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സമൂഹവ്യാപന ഭീഷണിയടക്കം ചൂണ്ടിക്കാട്ടിയാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം ആന്ധ്രയും തെലങ്കാനയും മുന്നോട്ടുവെച്ചത്.
രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും നിർദേശം ലോക്ക്ഡൗൺ നീട്ടണമെന്നായതുകൊണ്ട് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമാവുകയായിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന ഉറപ്പും കേന്ദ്രം നൽകി.
21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കൂടിക്കാഴ്ച നടത്തിയത്.ലോക്ക്ഡൗണിൽ ആഭ്യന്തര വിമാന സർവീസ്, ട്രെയിൻ അടക്കമുള്ള പൊതുഗതാഗതം നിർത്തിവയ്ക്കുന്നത് തുടരും.