ഗുജറാത്തിലെ രാത്രി നിയന്ത്രണം ഫെബ്രുവരി 28 വരെ നീട്ടി

അഹമ്മദാബാദ്: കൊറോണ വ്യാപനം തടയാനായി ഗുജറാത്തിലെ പ്രധാന നഗരങ്ങളിൽ ഏർപ്പെടുത്തിയ രാത്രി യാത്രാ നിരോധനം വീണ്ടും നീട്ടി. നാല് പ്രധാന നഗരങ്ങളിലെ രാത്രി നിയന്ത്രണം ഫെബ്രുവരി 28 വരെയാണ് നീട്ടിയിരിക്കുന്നത്.നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തിൽ നിന്ന് ഒരു മണിക്കൂർ ഇളവ് അനുവദിച്ചാണ് പുതിയ തീരുമാനം.

അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്‌കോട്ട് എന്നീ പ്രധാന നഗരങ്ങളിലാണ് രാത്രി നിയന്ത്രണം നീട്ടിയിരിക്കുന്നത്.നേരത്തെ 11 മണി മുതൽ രാവിലെ 6 മണി വരെ ഉണ്ടായിരുന്നത് നിലവിൽ 12 മുതൽ രാവിലെ 6 വരെ എന്ന് ആക്കിയിട്ടുണ്ട്.

ഗുജറാത്തിലെ പ്രധാന നാല് മെട്രോ നഗരങ്ങളിൽ ചൊവ്വാഴ്ച ആറ് മണി മുതൽ 28 വരെ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അഡീഷണൽ ചീഫ് സെക്രട്ടറി പങ്കജ് കുമാർ വ്യക്തമാക്കി. നവംബറിൽ ദിപാവലി ആഘോഷങ്ങൾക്ക് ശേഷം കൊറോണ കേസുകൾ നിയന്ത്രണാതീതമായ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ രാത്രി നിയന്ത്രണം കൊണ്ടുവന്നത്.