ഡെൽഹിയിൽ ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതി; മുന്നറിയിപ്പുമായി കാശ്മീർ പോലീസ്

ശ്രീനഗർ: രാജ്യതലസ്ഥാനമായ ഡെൽഹിയിൽ ഭീകരാക്രമണത്തിന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നതായി ജമ്മു കശ്മീർ പോലീസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിന്റെ വീഡിയോ നിർമിച്ച ഭീകരനും മറ്റൊരാളും അറസ്റ്റിലായതോടെയാണ് പദ്ധതി വെളിപ്പെട്ടത്. ജമ്മു-കശ്മീർ പോലീസ് മേധാവി ദിൽബഗ് സിംഗാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കശ്മീരിലെത്തിയ തീവ്രവാദികൾ ബിഹാറിൽ നിന്നും ആയുധങ്ങൾ സംഭരിക്കുന്നുണ്ടെന്നും ദിൽബഗ് സിംഗ് വെളിപ്പെടുത്തി. പഞ്ചാബിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ആയുധങ്ങൾ ഇവർ കശ്മീരിലെത്തിക്കുന്നതെന്നും പോലീസ് പറയുന്നു. തീവ്രവാദ സംഘടനകളായ ലഷ്‌കർ ഇ മുസ്താഫയുടെയും ദ റസിസ്റ്റന്റ്‌സ് ഫ്രണ്ടിന്റെയും കമാൻഡർമാരായ ഹിദായത്തുളള മാലിക്, സഹൂദ് അഹമ്മദ് റാത്തൂർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് മേധാവി ദിൽബഗ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ജെയ്‌ഷെ മുഹമ്മദുമായും ലഷ്‌കർ ഇ തോയിബയുമായും ബന്ധപ്പെട്ട് കശ്മീരിലെ തീവ്രവാദ നീക്കങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളാണ് രണ്ടും. ജമ്മുവിലെ കുഞ്ച് വാനിയിൽ നിന്നും ഫെബ്രുവരി ആറിന് അനന്ത്‌നാഗ് പോലീസാണ് ഹിദായത്തുളള മാലികിനെ അറസ്റ്റ് ചെയ്തത്.

സാംബയിലെ ബാരി ബ്രഹ്മാനയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് സഹൂദ് അഹമ്മദ് റാത്തൂർ പിടിയിലായത്. ഏറെക്കാലമായി തീവ്രവാദപ്രവർത്തനം നടത്തുന്ന ആളാണ് മാലിക്ക് എന്ന് പോലീസ് വ്യക്തമാക്കി. ജമ്മുവിൽ ജെയ്‌ഷെയ്ക്ക് താവളമൊരുക്കുകയായിരുന്നു മാലിക്കിന്റെ പ്രധാനചുമതല. ഇതിനാണ് പ്രധാനമായും ഇയാൾ ആയുധസംഭരണം നടത്തിയിരുന്നത്.

പാകിസ്താനിൽ നിന്നും ഭൂഗർഭ ടണലുകൾ വഴിയും ഡ്രോണുകൾ വഴിയും എത്തുന്ന ആയുധങ്ങളും ഇയാൾ സംഭരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആറ് മാസങ്ങൾക്കുളളിൽ ജമ്മുവിലെ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ആറ് അണ്ടർഗ്രൗണ്ട് ടണലുകളാണ് ബിഎസ്എഫ് കണ്ടെത്തിയത്. കശ്മീരിലേക്കുളള നുഴഞ്ഞുകയറ്റവും ആയുധക്കടത്തും വർദ്ധിച്ചതിന്റെ സൂചനയായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ തീവ്രവാദിയാണ് സഹൂദ് അഹമ്മദ് റാത്തൂർ. സഹീൽ, ഖാലിദ് എന്നിങ്ങനെയാണ് ഇയാൾ തീവ്രവാദികൾക്കിടയിൽ അറിയപ്പെടുന്നത്. 2002 ലാണ് അതിർത്തി കടന്ന് പാകിസ്താനിലെത്തി ഇയാൾ പരിശീലനം നേടിയത്.

2006 ൽ ഇയാൾ കീഴടങ്ങുകയും കുറെക്കാലം തീവ്രവാദ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പിന്നീട് 2019 ലാണ് ഇയാൾ വീണ്ടും സജീവമായതെന്ന് പോലീസ് പറഞ്ഞു. കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിലും കൊകേർനാഗിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിലും ഇയാൾക്ക് നേരിട്ട് പങ്കുണ്ട്.