ഇന്ത്യയിൽ രണ്ടാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ; പ്രഖ്യാപനം വൈകാതെ

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില മേഖലകളില്‍ ഇളവുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ചയിൽ‌ പങ്കെടുത്തത്. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു പറഞ്ഞു. ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ‌‌