കർണാടക: കർണാടകയിൽ ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് തുമകുരു ജില്ലയിലെ തുറുവേകര എംഎൽഎ ആയ എം ജയരാമിന്റെ പിറന്നാൾ ആഘോഷം നടന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണിൽ നടന്ന ആഘോഷത്തിൽ എംഎൽഎ ഗ്ലൗ ധരിച്ച് കുട്ടികളടക്കമുള്ളവർക്ക് കേക്ക് മുറിച്ച് നൽകുന്ന ചിത്രങ്ങൾ വീഡിയോകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്.
അതേസമയം കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടി വരുകയാണ്. അതീവ ജാഗ്രത പുലർത്തേണ്ട ഈ സമയത്താണ് ഒരു ജനപ്രതിനിധി ആയിട്ട് പോലും നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി എം എൽ എ യുടെ ഈ നടപടി.
കർണാടകയിലെ കൊറോണ ബാധിതരുടെ എണ്ണം 200 കടന്നിരുന്നു. കർണാടകയിൽ പ്രമുഖ നേതാക്കാൾ കൊറോണ നിയന്ത്രണങ്ങൾ മറികടക്കുന്നത് ഇതാദ്യമല്ല. നേരത്തെ കർണാടകയിൽ കല്യാണം അടക്കമുള്ള എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിന് ശേഷം മാർച്ച് 15ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെ തിരഞ്ഞെടുത്ത വേളയിൽ കോൺഗ്രസ് പ്രവർത്തകരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മറികടന്ന് ഒത്തുകൂടിയിരുന്നു.