ജയലളിത ശൈലിയിൽ തമിഴകം പിടിക്കാൻ ശശികല; സർക്കാരും കുരുക്ക് മുറുക്കി; 48 മണിക്കൂറിനിടെ കണ്ടു കെട്ടിയത് 900 കോടിയുടെ സ്വത്തുക്കൾ

ചെന്നൈ: ജയലളിത ശൈലിയിൽ തമിഴകം പിടിക്കാൻ വികെ ശശികല രംഗത്തിറങ്ങിയപ്പോൾ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി തമിഴ്നാട് സർക്കാരും രംഗത്ത്. ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കൾ കൂടി സർക്കാർ കണ്ടുകെട്ടി. അനധികൃത സ്വത്ത് വഴി വാങ്ങിയ വസ്തുക്കൾ കണ്ടുകെട്ടാൻ 2014 ൽ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായാണ് നടപടി. എന്നാലിത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സർക്കാരിന് ഭയമാണെന്നും മന്നാർഗുഡി കുടുംബം ആരോപിച്ചു.

തിരുവാരൂരിൽ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി , കെട്ടിടങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ബെനാമി ആക്ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുത്തത്.

അതേസമയം രണ്ടില ചിഹ്നവും അണ്ണാഡിഎംകെ പാർട്ടിയും വീണ്ടെടുക്കാൻ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ശശികല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. എംഎൽഎമാർക്ക് പുറമേ സഖ്യകക്ഷിയായ വിജയകാന്തിൻ്റെ പാർട്ടിയെയും ശശികല ചർച്ചയ്ക്ക് ക്ഷണിച്ചു.

ജയലളിതയെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണവും, പ്രത്യാഭിവാദ്യവുമായി മുൻമുഖ്യമന്ത്രിയുടെ അതേ കാറിൽ സംസ്ഥാന പര്യടനത്തിനാണ് തയാറെടുക്കുന്നത്. ഇതിന് മുന്നോടിയായി പരമാവധി നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് ചർച്ച. ജയലളിത കൂടി പ്രതിയായ കേസിലാണ് ജയിൽ പോയതെന്ന് ഓർമ്മിപ്പിച്ചാണ് എംഎൽഎമാരെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.