കർഷക സമരത്തിന് വൻ പിന്തുണ; പ്രതിരോധിക്കാൻ അമിത് ഷായുടെ ‘ഇന്ത്യ ഒറ്റകെട്ട്’ പ്രചാരണം; പിന്തുണയുമായി പ്രമുഖതാരങ്ങൾ

ന്യുഡെൽഹി : അന്താരാഷ്ട്ര തലത്തിൽ കർഷക സമരത്തിന് വൻ പിന്തുണ. നിരവധി പ്രമുഖരാണ് കർഷകരുടെ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത് പ്രതിരോധിക്കാൻ കേന്ദ്രം പല രീതിയിലും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ‘ഇന്ത്യ ഒറ്റകെട്ട്’ എന്ന പ്രചാരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തിയിരിക്കുന്നത്.

ഈ പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു പ്രമുഖ താരങ്ങളും എത്തി. ബോളിവുഡിൽനിന്നു അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽ നിന്ന് വിരാട് കോലി, സച്ചിൻ, കുംബ്ലെ തുടങ്ങിയവരും ട്വിറ്റർ പ്രചാരണത്തിന്റെ ഭാഗമായി. ഇന്ത്യയുടെ നയങ്ങൾക്കെതിരായ പ്രചാരണത്തിനെതിരേ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനം ഏറ്റെടുത്താണ് ഇപ്പോൾ പ്രമുഖ താരങ്ങളുടെ ട്വീറ്റ്.

ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്റെ പ്രതികരണം. “പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം. ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം”, സച്ചിൻ ട്വീറ്റ് ചെയ്തു.

ഇന്ത്യയ്‌ക്കോ ഇന്ത്യൻ നയങ്ങൾക്കോ എതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കർഷകർ. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാർ പറഞ്ഞു.

പ്രക്ഷുബ്ധമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കാം. നമ്മളെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് കരൺ ജോഹർ വ്യക്തമാക്കി. അർധ സത്യത്തെക്കാൾ അപകടകരമായ ഒന്നും തന്നെയില്ല. എല്ലായ്‌പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലർത്തണമെന്ന് കേന്ദ്രത്തെ പിന്തുണച്ച് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര തലത്തിൽ നിന്നും നിരവധി പ്രമുഖരും കർഷക സമരത്തെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും ‘സെൻസേഷൻ’ ഉണ്ടാക്കുന്ന ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.