ന്യൂഡെൽഹി: കാര്‍ഷിക നിയമത്തെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാകും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട നയം വ്യക്തമാക്കുക.
2019 ജമ്മുകശ്മീര്‍ പുനസംഘടന ആക്ടിനെ ഭേദഗതി ചെയ്യുന്ന ജമ്മുകശ്മീര്‍ പുനസംഘടന ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയ്ക്ക് പരിജയപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളുടെ തനിയാവര്‍ത്തനമാകും ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അരങ്ങേറുക. രാവിലെ രാജ്യസഭയിൽ ജമ്മുകശ്മീര്‍ പുനസംഘടന ഭേദഗതി ബില്‍ 2021 ആഭ്യന്തരമന്ത്രി അമിത്ഷാ പരിചയപ്പെടുത്തും.
നടപടിക്രമങ്ങളില്‍ ഇന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയമാണ് രാജ്യസഭ ചര്‍ച്ച ചെയ്യുക. കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ചനടത്താന്‍ അധികമായി അഞ്ച് മണിക്കൂര്‍ ചെയര്മാന് സഭയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതലുള്ള ശൂന്യവേളയും ചെയര്മാന് രാജ്യസഭയില്‍ റദ്ദാക്കി.
ലോക്സഭ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലെയ്ക്ക് കടക്കാനാകും ശ്രമിക്കുക. ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്മത് ചാറ്റര്‍ജി നന്ദിപ്രമേയം അവതരിപ്പിച്ചെങ്കിലും രണ്ട് ദിവസങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചകളിലെയ്ക്ക് ലോക്സഭയ്ക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല.