ബജറ്റ്​ ദിനത്തിൽ ഓഹരി വിപണികൾ നേട്ടത്തോടെ തുടക്കം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ്​ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്​സും ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. 400 പോയിന്‍റ്​ നേട്ടത്തോടെയാണ്​ സെൻസെക്​സ്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റി വീണ്ടും 13,700 പോയിന്‍റിലേക്ക്​ കയറി.

ഇൻഡസ്​ലാൻഡ്​ ബാങ്ക്​, ഐസിഐസിഐ ബാങ്ക്​, ടൈറ്റൻ, എച്ച്​ഡിഎഫ്​സി, ഇൻഫോസിസ്​ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. ഐസിഐസിഐയുടെ വില അഞ്ച്​ ശതമാനത്തോളമാണ്​ ഉയർന്നത്​. ഡോ. റെഡ്ഡീസ്​, ടെക്​ മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസ്​ തുടങ്ങിയ കമ്പനികളാണ്​ നഷ്​ടം രേഖപ്പെടുത്തിയത്​.

നിഫ്​റ്റിയിൽ സ്വകാര്യ ബാങ്കുകളുടെ ഇൻഡക്​സ്​ രണ്ട്​ ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഷ്​ടം രേഖപ്പെടുത്തിയ വിപണി ബജറ്റ്​ ദിനത്തിലാണ്​ നേട്ട​ത്തിലേക്ക്​ തിരിച്ചെത്തുന്നത്​. കൊറോണ മൂലം പ്രതിസന്ധിയിലായ സമ്പദ്​വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്ന പ്രതീക്ഷയാണ്​ വിപണിയേയും സ്വാധീനിക്കുന്നത്​.