ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം; ഇറാന്‍ പൗരന്‍മാരെ ചോദ്യംചെയ്യുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ ഇറാന്‍ പൗരന്‍മാരെ ചോദ്യംചെയ്യുന്നു. ഡല്‍ഹിയില്‍ താമസമാക്കിയ വീസ കാലാവധി കഴിഞ്ഞവരെയാണ് ചോദ്യംചെയ്യുന്നത്.

അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തിരുന്നു. ഇസ്രായേല്‍ എംബസിക്ക് അമ്പത് മീറ്റര്‍ അകലെ ഇന്നലെ വൈകിട്ടായിരുന്നു സ്ഫോടനം. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും തേടിയിട്ടുണ്ട്. സ്ഥലത്ത് രണ്ടുപേര്‍ ടാക്സിയില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും ജെയ്ഷ് ഉല്‍ ഹിന്ദിന്റെ ടെല​ഗ്രാം സന്ദേശത്തിൽ മുന്നറിയിപ്പ് നല‍്കുന്നുണ്ട്. എന്നാൽ ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി..