കർഷകസമരം പൊളിക്കാൻ ആസൂത്രിത നീക്കം; സിംഘുവിൽ കർഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; മാധ്യമങ്ങളെയും തടയുന്നു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ സമരം പൊളിക്കാൻ ആസൂത്രിത നീക്കം. സമരക്കാർക്കെതിരെ ഒരു വിഭാഗം പ്രതിഷേധക്കാർ രംഗത്തെത്തി സംഘർഷം സൃഷ്ടിച്ചു. സമരവേദിയിലെത്തിയ ഇരുന്നൂറിൽ അധികം വരുന്ന പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു. ഇവർ സംഘടിച്ച് കല്ലെറിഞ്ഞു. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് ഒരു വിഭാഗം കൂട്ടം ചേർന്ന് എത്തുകയായിരുന്നു. കർഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി.

പിന്നാലെ പൊലീസ് കർഷകർ സമരം ചെയ്യുന്ന ഇടത്തേക്ക് നീങ്ങുകയാണ്. പൊലീസ് നടപടിയ്ക്കുള്ള സാധ്യതയും സാഹചര്യവുമാണ് നിലനിൽക്കുന്നത്. മാധ്യമങ്ങളെയടക്കം ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും പൊലീസ് ഇടപെട്ട് ഒരു ഘട്ടത്തിൽ തടയുന്ന സാഹചര്യമടക്കം ഉണ്ടായി.

കഴിഞ്ഞദിവസവും സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഒരുസംഘം കർഷകർക്കു നേരെ എത്തിയിരുന്നു. കർഷകർ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.