ഹൈദരാബാദ്: വൈരാഗ്യം തീർക്കാൻ 18 സ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. മൈന രാമലു (45) ആണ് അറസ്റ്റിലായത്. മറ്റു കുറ്റകൃത്യങ്ങളിലും പ്രതിയായ മൈന രാമലുവിനെ ഹൈദരാബാദിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലാകുന്നത്.
കല്ലുവെട്ട് തൊഴിലാളിയായ മൈന രാമലു സിറ്റി പോലീസ് ടാസ്ക് ഫോഴ്സും രാച്ചകൊണ്ട കമ്മീഷ്ണറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. 21 വയസിലാണ് മൈന വിവാഹിതനാകുന്നത്. പക്ഷേ അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയ ഇയാൾ പരമ്പര കൊലപാതകങ്ങളിലേക്ക് തിരിയുകയായിരുന്നു.
2003 ലാണ് ഇയാൾ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കൾ തട്ടിയെടുത്ത് രക്ഷപെടുകയാണ് ഇയാളുടെ പതിവ് ശൈലി. വിശദമായ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.