ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ മാസങ്ങളായി നീണ്ടുനിന്ന സംഘർഷങ്ങൾക്ക് പരിഹാരമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ച ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.അതിർത്തിയിൽ സേന പിൻമാറ്റത്തിൽ ധാരണയായെന്നും കരസേന അറിയിച്ചു.
ചർച്ചകൾ പരസ്പര വിശ്വാസം വർധിപ്പിച്ചു. പത്താം റൗണ്ട് ചർച്ച നേരത്തെ നടത്താനും ഇരുരാജ്യങ്ങളും ധാരണയായെന്നും കേന്ദ്രം അറിയിച്ചു. ഇതോടെ കിഴക്കൻ ലഡാക്കിൽ നീണ്ടുനിന്ന പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. ഞായറാഴ്ച ചൈന-മോൾഡോ-ചുഷുൽ അതിർത്തിൽ നടത്തിയ ഒൻപതാം വട്ട ചർച്ചയിലാണ് പ്രശ്ന പരിഹാരമാകുന്നത്.
സമ്പൂർണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചർച്ച അവസാനിച്ചത്. ഇന്നലെ രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ രണ്ടര വരെയായിരുന്നു ചർച്ച.
ഈ ചർച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോൾ കരസേനാവൃത്തങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്.