ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ഹിന്ദുത്വ തീവ്ര പ്രത്യശാസ്ത്രകാരന് വി.ഡി സവര്‍ക്കറുടെ ചിത്രവും. ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഗാലറിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചൊവ്വാഴ്ച ചിത്രം സ്ഥാപിച്ചത്.സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്മാന് രമേശ് യാദവിന് കോണ്‍ഗ്രസ് എംഎല്‍സി ദീപക് സിംഗ് കത്തയച്ചു.
ചിത്രം ഇവിടെനിന്നും മാറ്റി ബിജെപി ഓഫീസില്‍ തൂക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നത് സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവരേയും അപമാനിക്കുന്നതാണെന്ന് ദീരപക് സിംഗ് കത്തില്‍ പറയുന്നു.
ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പിരന്നതിനെ കുറിച്ചും ജയില്‍ മോചിതനായതിനെ കുറിച്ചും രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവനറിയാമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ചരിത്രം പഠിക്കണമെന്നും സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.