പ്രമുഖ കാൻസർ രോഗ വിദഗ്ധ ഡോക്ടർ വി ശാന്ത അന്തരിച്ചു

ചെന്നൈ: അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയും പ്രമുഖ കാൻസർ രോഗ വിദഗ്ധയുമായ ഡോക്ടർ വി.ശാന്ത(93) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോ​ഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. വൈദ്യശാസ്ത്ര മേഖലയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മഭൂഷണും പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.

1982ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ ഓങ്കോളജി പി.ജി കോഴ്സുകളാണ് രാജ്യത്തു ക്യാൻസർ രോഗ വിദഗ്ധരെ വളർത്തിയെടുത്തത്. കേരളത്തിൽ ഇന്നുള്ള കാൻസർ രോഗ വിദഗ്ധരുടെ ഗുരുകൂടിയാണ് ഡോക്ടർ ശാന്ത.

കുട്ടികളിലെയും വായിലെയും ക്യാൻസർ ചികിൽസയ്ക്കായി പ്രത്യേക വകുപ്പുകൾ രൂപീകരിക്കാനും നേതൃത്വം നൽകി. ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നതോടപ്പം പഠന ക്ലാസുകളും ശിഷ്യർക്കു മാർഗനിർദേശങ്ങളുമായി അവസാന നാളുകളിലും സജീവമായിരുന്നു.

മദ്രാസ് മെഡിക്കൽ കോളജിലെ പഠനത്തിന്റെ അവസാന നാളുകളിൽ ക്യാൻസർ വാർഡിൽ കിട്ടിയ ഡ്യൂട്ടിയാണു സ്ത്രീരോഗ വിദഗ്ധയായ ശാന്തയെ ക്യാൻസറിന്റെ ലോകത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. അങ്ങനെ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ മുത്തു ലക്ഷ്മി റെഡി ചെന്നൈ അഡയാറിൽ തുടങ്ങിയ ക്യാൻസർ ആശുപത്രിയിലെ റെസി‍ഡന്റായി ചേർന്നു.

രണ്ടു സ്ത്രീകൾ ക്യാൻസർ രോഗ ചികിൽസിയിൽ രാജ്യത്തെ നയിക്കുന്നതാണ് പിന്നീടുള്ള ചരിത്രം. ഈമേഖലയിൽ പഠനം തുടങ്ങിയതും ഇവർ രണ്ടുപേർ ചേർന്നാണ്.