മുംബൈ: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പാകിസ്താനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റ് രേഖകൾ സൂചിപ്പിക്കുന്നു.
പുൽവാമ ഭീകരാക്രമണം മോദിസർക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യുമെന്ന് അർണബ് ആഹ്ലാദം പ്രകടിപ്പിക്കുന്നുമുണ്ട്. മോദിസർക്കാർ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ നമ്മൾ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാർഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ അർണബ് പറയുന്നത്.
ഇത് വലിയ ആൾക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻവിജയം നേടുമെന്നും പിന്നീട് പാർഥോ തിരിച്ചുപറയുന്നുമുണ്ട്. റിപ്പബ്ലിക് ചാനലിന്റെ ടിആർപി റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അർണബ് പറയുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്താൻപോകുന്ന കാര്യം മൂന്നുദിവസംമുമ്പ് അർണബ് അറിഞ്ഞിരുന്നു എന്നാണ് വാട്സാപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നത്.
വലിയ ചിലകാര്യങ്ങൾ നടക്കാൻപോകുന്നു എന്ന് ദാസ്ഗുപ്തയ്ക്കയച്ച സന്ദേശത്തിൽ അർണബ് പറയുന്നു. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാകിസ്താനാണ് എന്ന് മറുപടിനൽകുന്നു. ജനങ്ങളെ ഹർഷോന്മത്തരാക്കുന്ന ആക്രമണമായിരിക്കും അതെന്നും അർണബ് പറയുന്നു.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടിവി സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്.