ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ഛോട്ടാരാജനും കൂട്ടാളികള്‍ക്കും രണ്ട് വര്‍ഷം തടവ്

മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാരാജനും മൂന്ന് കൂട്ടാളികൾക്കും രണ്ട് വർഷം തടവ്. മുംബൈയിലെ സെഷൻസ് കോടതിയാണ് നാല് പ്രതികളെയും ശിക്ഷിച്ചത്. സുരേഷ് ഷിൻഡെ എന്ന ലക്ഷ്മൺ, നിഗം എന്ന ദാദ്യ, സുമിത് വിജയ് മാേര്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികൾ.

കെട്ടിട നിർമാണരംഗത്ത് പ്രവർത്തിക്കുന്ന നന്ദു വജേക്കറിൽനിന്ന് 26 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. 2015-ൽ നന്ദു വജേക്കർ പൂണെയിൽ ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കച്ചവടത്തിന് ഇടനിലക്കാരനായ പർമാനന്ദ് തക്കാറിന് രണ്ട് കോടി രൂപ കമ്മിഷൻ നൽകി. എന്നാൽ കൂടുതൽ പണം വേണമെന്ന് പർമാനന്ദ് ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെയാണ് പർമാനന്ദ് ഛോട്ടാ രാജനെ സമീപിച്ചത്.

ഛോട്ടാ രാജന്റെ കൂട്ടാളികൾ നന്ദു വജേക്കറിനെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് നന്ദു വജേക്കർ മുംബൈ പോലീസിൽ പരാതി നൽകിയത്.

അധോലോക കുറ്റവാളിയായ ഛോട്ടാ രാജൻ 2015-ൽ ഇൻഡൊനീഷ്യയിലാണ് പിടിയിലായത്. പിന്നാലെ ഇന്ത്യയിലെത്തിച്ചു. നിലവിൽ കൊലക്കേസുകൾ ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ് ഛോട്ടാരാജൻ.