മുംബൈ: ഔറംഗാബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര ഭരണമുന്നണിയിൽ തർക്കം. ഔറംഗാബാദിന്റ് പേര് സംഭാജി നഗർ എന്നു മാറ്റാനുള്ള ഉദ്ദവ് താക്കറെ സർക്കാരിന്റെ നീക്കമാണു ഭിന്നതയ്ക്കു കാരണം. ഔറംഗാബാദിനെ സാംഭാജിനഗർ എന്ന് പേരുമാറ്റണമെന്നതു രണ്ടു പതിറ്റാണ്ടായി ശിവസേന ആവശ്യപ്പെടുന്ന കാര്യമാണ്.
സർക്കാർ രേഖകളിൽ പേരു മാറ്റിയിട്ടില്ലെങ്കിലും, ശിവസേന മേധാവി ബാൽ താക്കറെ ഔറംഗാബാദിനെ സാംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഇത് ഔദ്യോഗികമാക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. പേരുമാറ്റ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷനും റവന്യൂമന്ത്രിയുമായ ബാലാസാഹിബ് തൊറാട്ടും കോണ്ഗ്രസ് നേതാവ് സഞ്ജയ് നിരുപവും രംഗത്തുവന്നു. ഇത് ഭിന്നത രൂക്ഷമാക്കാനിടയുണ്ടെന്നാണ് സൂചന.
പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയിൽ സഖ്യസർക്കാർ മുന്നോട്ടു പോകുന്നതെന്നും പേരുമാറ്റം അതിന്റെ ഭാഗമല്ലെന്നും തൊറാട്ട് പറഞ്ഞു. അതേസമയം, സഖ്യസർക്കാറിൽ പ്രതിസന്ധിയില്ലെന്നും പേരുമാറ്റവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം സർക്കാരിനെ ബാധിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി.