മികച്ച മലയാള നടനുളള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിന്

ന്യൂഡെൽഹി: ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ദക്ഷിണേന്ത്യന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് മലയാളത്തിന്റെ മഹാനടന്‍ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നേടിയപ്പോള്‍ 2019 – 2020 വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് നേടിയത് സുരാജ് വെഞ്ഞാറമൂട് ആണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

പാര്‍വതി തിരുവോത് ഉയരെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഉയരെ മികച്ച ചിത്രമായും കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി നാരായണന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ദീപക് ദേവ് ആണ് മികച്ച സംഗീത സംവിധായകന്‍.

തമിഴില്‍ അസുരനിലൂടെ മികച്ച നടനുള്ള അവാര്‍ഡ് ധനുഷ് നേടിയപ്പോള്‍ മികച്ച ചിത്രമായി മാറിയത് ടു ലെറ്റ് ആണ്. ജ്യോതിക രാച്ചസിയിലെ പ്രകടനത്തിലൂടെ മികച്ച നടിയായും ഒത്ത സെറുപ്പു സൈസ് 7 എന്ന ചിത്രം ഒരുക്കിയ പാര്‍ത്ഥിപന്‍ മികച്ച സംവിധായകനുമായും തെരഞ്ഞെടുക്കപ്പെട്ടു.

അനിരുദ്ധ് രവിചന്ദര്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടി.
മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് നേടിയത് തല അജിത് കുമാര്‍ ആണ്.

തെലുങ്കിലെ മികച്ച ചിത്രമായി മാറിയത് ജേഴ്സി ആണ്. മികച്ച നടനായി ഏജന്റ് ശ്രീനിവാസ ആത്രേയയിലൂടെ നവീന്‍ പോളിഷെട്ടി തിരഞ്ഞെടുക്കപെട്ടു.

ഡിയര്‍ കോമ്രേഡിലൂടെ രശ്‌മിക മന്ദനാ മികച്ച നടിയും സാഹൊയിലൂടെ സുജിത് മികച്ച സംവിധായകനുമായി മാറി. എസ് തമന്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയപ്പോള്‍ മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് നേടിയെടുത്തത് നാഗാര്‍ജുന അക്കിനേനി ആണ്.