ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്; ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കും

ന്യൂഡെൽഹി: ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. നിയന്ത്രണം അനിശ്ചിതകാലത്തേക്കുള്ളതാവുമെന്ന് കരുതുന്നില്ല. നിലവിലുള്ള മറ്റ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ആശങ്കയുയർത്തുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഡിസംബർ അവസാനം വരെയാണ് നിയന്ത്രണം.

ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നെത്തിയ ആറ് യാത്രക്കാർക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ബെംഗളൂരു നിംഹാൻസിൻ നടത്തിയ പരിശോധനയിൽ മൂന്ന് പേർക്കും ഹൈദരാബാദിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കുമാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്.