ന്യൂഡെൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കരസേനാ മേധാവി എംഎം നരവാനെ അതിർത്തിയിൽ നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തി. നേരത്തെ ചൈനയുമായി സംഘർഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ പ്രദേശങ്ങൾ സന്ദർശിച്ചാണ് നരവാനെ സ്ഥിതിഗതികൾ വിലയിരുത്തിയത്.
ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് നിയന്ത്രണ രേഖയിലെത്തിയ നരവാനെ ഉധംപുർ ആസ്ഥാനമായ വടക്കൻ കമാൻഡിന്റെ ഭാഗമായ പതിനാലാം സൈനിക യൂണിറ്റ് സന്ദർശിച്ചു. ഇന്ത്യയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് കമാൻഡിങ് ഓഫീസറും ഫയർ ആൻഡ് ഫുറി സൈനിക ഉദ്യോഗസ്ഥരും കരസേനാ മേധാവിയോട് വിശദീകരിച്ചു.
വിശദമായ ചർച്ചകൾക്ക് ശേഷം നരവാനെ ബുധനാഴ്ച വൈകീട്ടോടെ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 18നാണ് ഇരുരാജ്യങ്ങളും തമ്മിൽ അവസാനഘട്ട നയതന്ത്ര ചർച്ചകൾ നടന്നിരുന്നത്.
അതിർത്തി വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിലുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിൽ യോഗം വിളിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു.