ന്യൂഡെൽഹി: ഡെൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം തുടരുന്നു. ദേശീയ ശ്രദ്ധ ആകർഷിച്ച സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള വഴികൾ തേടുകയാണ് കേന്ദ്രസർക്കാർ. എയിംസ് ഡയറക്ടറെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിലെ അഡീ.ജോയിൻ്റ സെക്രട്ടറി എയിംസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, സമരക്കാർക്ക് മുന്നറിയിപ്പുമായി എയിംസ് അധികൃതർ ഇന്ന് രംഗത്ത് എത്തി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് എയിംസ് അധികൃതരുടെ നിലപാട്. എയിംസ് സമരത്തിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ ഇന്ന് രംഗത്ത് എത്തി. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് നഴ്സിംഗ് ജീവനക്കാർ സമരം നടത്തുന്നതെന്ന് ശശി തരൂർ പറഞ്ഞു.
ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ 160 നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായി ഡെൽഹി എംയിസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സമരം നേരിടാനാണ് ഈ നടപടിയെന്നും എംയിസ് അധികൃതർ വ്യക്തമാക്കി.
അതിനിടെ എയിംസിലെ നഴ്സുമാരുടെ അനിശ്ചിതക്കാല സമരത്തിനിടെ ഇന്ന് സംഘർഷമുണ്ടായി. രാവിലെ സമരത്തിനായി എത്തിയ നഴ്സുമാരെ പൊലീസുകാരും സുരക്ഷ ജീവനക്കാരും ചേർന്ന് പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി . സംഘർഷത്തിൽ മലയാളി നഴ്‌സിന്റെ കാലിന് പരിക്കേറ്റു. പൊലീസ് ലാത്തി കൊണ്ട് അടിച്ചതാണെന്ന് നഴ്സിംഗ് യൂണിയൻ ആരോപിച്ചു.