ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിക്ക് എതിരെ സംസ്ഥാന സർക്കാർ ആരോപണം ഉന്നയിക്കാൻ പാടില്ലായിരുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിർപ്പ് ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വിചാരണ കോടതി മാറ്റാൻ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാൽ ജഡ്ജിക്ക് സമ്മർദ്ദം ഉണ്ടയേക്കാം. പക്ഷേ സംസ്ഥാന സർക്കാർ ജഡ്ജിക്ക് എതിരെയോ, വിചാരണ കോടതിക്ക് എതിരെയോ ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. നിലവിലെ പബ്ലിക് പ്രോസിക്യുട്ടർ രാജിവച്ചെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കോടതി ജഡ്ജിക്ക് എതിരെയും, സംസ്ഥാന സർക്കാരിന് എതിരെയും ഗുരുതരമായ ആരോപണം ആണ് ഇന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്.