സിദ്ദിഖ് കാപ്പന് സിമിയുടെ മുൻ എക്സിക്യൂട്ടീവ് കമിറ്റി അംഗങ്ങളുമായി അടുത്തബന്ധമെന്ന് യുപി സർക്കാർ

ന്യഡെൽഹി: ഹാഥ്റസ് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുടെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി അടുത്തബന്ധമെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ.

ഡെൽഹി കലാപത്തിലെ പ്രതി മുഹമ്മദ് ഡാനിഷ് നിർദേശിച്ചതിനെ തുടർന്നാണ് ഹാഥ്റസിലേക്ക് കാപ്പൻ പോയതെന്നും യുപി സർക്കാർ പറഞ്ഞു. ഉത്തർ പ്രദേശ് സർക്കാരിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേരള പത്രപ്രവർത്തക യൂണിയന് സുപ്രീം കോടതി സമയം അനുവദിച്ചു.

പോപ്പുലർ ഫ്രണ്ട് അംഗങ്ങളായ പി. കോയ, അബ്ദുൽ മുകീത്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഫയസൽ, ഗൾഫ്ആം ഹസൻ എന്നിവരുമായി അടുത്ത ബന്ധമാണ് സിദ്ദിഖ് കാപ്പനുള്ളതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇവരിൽ പലരും നിരോധിത സംഘടനയായ സിമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആണെന്നും ഉത്തർപ്രദേശ് സർക്കാർ ആരോപിക്കുന്നു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്താനാണ് മുൻകൂട്ടി നിശ്ചയിച്ച് കാപ്പനും സംഘവും ഹാഥ്റസിലേക്ക് പോയത്. ഹാഥ്റസ് സന്ദർശനത്തിന് സഹായങ്ങൾ ചെയ്തത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫ് ആണ്. ഡെൽഹി കലാപ കേസിലെ പ്രതികളായ മുഹമ്മദ് ഡാനിഷ്, റൗഫ് ഷെരീഫ് എന്നിവരുമായി കാപ്പന് ബന്ധമുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ ആരോപിച്ചിട്ടുണ്ട്.