ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. 64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.
പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകുംവരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികൾക്കും തടസ്സമില്ല.
ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ, കേന്ദ്രമന്ത്രിമാരായ മന്ത്രി അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കർ പ്രസാദ്, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, വിവിധ വിദേശ പ്രതിനിധികൾ
എന്നിവരും നിരവധി ആത്മീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടെ പുതിയതായി നിർമിക്കുന്ന സെൻട്രൽ വിസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. 20,000 കോടിയുടേതാണ് പദ്ധതി.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. രാഷ്ട്രപതിഭവൻ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്-സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.