ചെന്നെെ: തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജ് (വിജെ ചിത്ര) തൂങ്ങി മരിച്ച നിലയിൽ. 28 വയസ്സായിരുന്നു. ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ചിത്ര കാമരാജ് ശ്രദ്ധ നേടിയത്.
ഇവിപി ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലർച്ചെ ഒരുമണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ എത്തുന്നത്. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദ് പറയുന്നത്.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ചിത്ര ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നുവെന്ന് ഹേമന്ദ് അറിയിച്ചു. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ചെന്നെെയിൽ കോട്ടൂർപുരത്താണ് ചിത്രയുടെ കുടുംബാംഗങ്ങൾ താമസിക്കുന്നത്.
പാണ്ഡ്യൻ സ്റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്ര സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും ടെലിവിഷൻ ഷോകളിലും അവതാരകയായി എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.