നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ വീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു

ചെന്നൈ: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ വീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാൻ സമീപത്തെ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാഞ്ചിപുരം ജില്ലയിലെ കലക്കാട്ടൂരിൽ 24 കാരിയായ ശരണ്യയാണ് മരിച്ചത്. ജോലി ചെയ്യുന്ന ഓഫീസില്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്നാണ് സമീപത്തെ കെട്ടിടത്തിലേക്ക് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ യുവതിക്ക് പോകേണ്ടി വന്നത്.

ശരണ്യ ശുചിമുറിയില്‍ പോയി തിരികെ വരാന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ചെരുപ്പുകള്‍ സെപ്റ്റിക്ക് ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അവളെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ശരണ്യയുടെ മരണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അധികൃതര്‍ക്കെതിരെ ഉയരുന്നത്.

“അവള്‍ എന്റെ ജീവിതമായിരുന്നു. അവളുടെ അകാലമരണം ഉള്‍ക്കൊള്ളാനാകുന്നില്ല. മകളുടെ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് അവളും സഹപ്രവര്‍ത്തകരും സമീപത്തെ വീടുകളിലേക്കോ പണി നടക്കുന്ന സമീപത്തെ കെട്ടിടത്തിലേക്കോ പോകുമായിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെ”ന്ന് ശരണ്യയുടെ പിതാവ് പറഞ്ഞു.