അതിർത്തി തുറക്കൽ; ഹൈക്കോടതി ഉത്തരവിനെതിരേ കർണാടക ; ഹർജി സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: അതിര്‍ത്തി തുറന്നുനല്‍കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കി. കേരളം തടസഹര്‍ജി നല്‍കി, കേസ് ഇന്ന് പരിഗണിക്കും.

ഗതാഗതം അനുവദിച്ചാല്‍ കൊറോണ പടരുമെന്ന് കര്‍ണാടക അപ്പീലിൽ പറയുന്നു.
കേരളഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നു വ്യക്തമാക്കിയുമാണ് കർണാടക ഹർജി ഫയൽ ചെയ്തത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണെന്നും അതു പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കർണാടകം സുപ്രീം കോടതിയിൽ വ്യക്തമാക്കും.

സംസ്ഥാന അതിർത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനാണ് കർണാടക കാത്തിരിക്കുന്നത്.

നിലവിൽ കാസർകോട് നിന്നുള്ള ആംബുലൻസുകൾ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്താൻ ചെക്ക്പോസ്റ്റിൽ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കർണാടകയുടെ നിലപാടു മാറ്റം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മാത്രം അതിർത്തി തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് കർണാടക സർക്കാരിന്റെ നിലപാട്.

കാസർകോട് ജില്ലയിൽ കൊറോണ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രോഗികൾക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കർണാടക. മംഗളൂരു കോവിഡ് പടർന്നു പിടിക്കാൻ സാധ്യതയുള്ള നഗരമാണെന്നും കർണാടക വാദിക്കുന്നു.