ലക്നൗ: ഉത്തർപ്രദേശിലെ യോഗി ആദ്യത്യനാഥ് സർക്കാർ ഇറക്കിയ മതപരിവർത്തന തടയൽ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു.ശനിയാഴ്ച ബറേലി ജില്ലയിലെ ദേരനിയ പോലീസ് സ്റ്റേഷനിലാണു പുതിയ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പുതിയ ആന്റി കൺവേർഷൻ നിയമത്തിലെ 504, 506 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതപരിവർത്തനത്തെ എതിർക്കുകയെന്ന നിലപാടോടെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ കഴിഞ്ഞദിവസമാണ് ഒപ്പുവച്ചത്.
വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം കുറ്റകരമാക്കുന്നതാണ് നിയമം. നിർബന്ധ മതപരിവർത്തനവും കുറ്റകരമാകും.നിയമപ്രകാരമുള്ള ആദ്യ കേസാണ് രജിസ്റ്റർ ചെയ്തത്. മുസ്ലിം മതവിശ്വാസിയായ ഒരാൾ സ്ത്രീയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്ന രക്ഷിതാവിന്റെ പരാതിയിലാണ് കേസ്. മകളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു എന്നാണു പരാതിക്കാരൻ പറയുന്നത്.
തന്റെ കുടുംബത്തിനു നേരെ ആരോപിതൻ വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. കൂടാതെ, ഇയാൾക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകളും ചുമത്തുമെന്ന് ബറേലി റൂറൽ എസ്പി സൻസർ സിംഗ് പറഞ്ഞു. പ്രതി ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.