ഹൈദരാബാദ്: തെലുങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാമോ എന്ന് ചിലര്‍ ചോദിക്കുന്നു. എന്തുകൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ അവരോട് തിരിച്ച് ചോദിച്ചു.
യുപിയില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ആദിത്യനാഥ് നിലപാട് അറിയിച്ചത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത്ഷായേയും യോഗി ആദിത്യനാഥ് പ്രശംസിച്ചു. ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകള്‍ക്ക് പോലും ഇനി ജമ്മു കാഷ്മീരില്‍ ഭൂമി വാങ്ങാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.