കൽക്കരി അഴിമതി കേസിൽ സിബിഐ റെയ്ഡ് ; ആരോപണവിധേയനായ ധനഞ്ജയ് റായ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൊൽക്കത്ത: കൽക്കരി അഴിമതി കേസിൽ സിബിഐ ബംഗാളിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നിനിടെ കേസിലെ ആരോപണവിധേയനായ ധനഞ്ജയ് റായ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

റെയ്ഡിനായി സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്ത അസൻസോളിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ധനഞ്ജയ് റായിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.

അനധികൃത കൽക്കരി ഖനന കേസിൽ നാല് സംസ്ഥാനങ്ങളിലെ 45 സ്ഥലങ്ങളിൽ സിബിഐ ശനിയാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഈസ്റ്റ് കോൾ ലിമിറ്റഡിന്റെ ഏതാനും ഉദ്യോഗസ്ഥരുടെയും ഇതുമായി ബന്ധപ്പെട്ട മറ്റ് ചിലരുടേയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സിബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലെ അനധികൃത കൽക്കരി ഖനന കേസിലാണ് അസൻസോൾ, ദുർഗാപൂർ, ബർദ്വാൻ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പർഗനാസ് ജില്ലയിലെ ബിശ്നാപൂർ തുടങ്ങിയ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.

അനൂപ് മാജിയാണ് കേസിലെ മുഖ്യപ്രതിയെന്ന് സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധം പുലർത്തിയ ഉദ്യോഗസ്ഥനാണ് ധനഞ്ജയ് റായ്.