ന്യൂഡെൽഹി: രാജ്യത്തെ ലാൻഡ്ലൈനുകളിൽനിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറിനുമുന്നിൽ പൂജ്യംചേർക്കുന്ന രീതി 2021 പുതുവർഷംമുതൽ പ്രാബല്യത്തിൽ വരും. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.
ജനുവരി ഒന്നുമുതൽ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വർധിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിന് നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നത്.
മേയ് 29-നാണ് ഇതിനുള്ള ശുപാർശ ട്രായ് സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകൾകൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും.