ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് കേസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ബെംഗളൂരു സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടരും. നേരത്തെ നവംബർ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടർവാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക.
ബിനീഷിനെതിരേ കൂടുതൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ് കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സൂചന. കേസിൽ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും ഇ.ഡി ഇന്ന് കോടതിയെ അറിയിച്ചേക്കും.
അതേസമയം ബിനീഷ് കോടിയേരിയുടെ സ്വത്തിന്റെ ക്രയവിക്രയം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് തടഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നേരത്തെ താമസിച്ചിരുന്ന മരുതംകുഴിയിലെ ‘കോടിയേരി’ വീടിന്റെയും ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തിന്റെയും കൈമാറ്റം തടയണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ലഹരിമരുന്ന് കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദിന്റെയും മാതാവ് ആരിഫാ ബീവിയുടെയും സ്വത്തിന്റെ കൈമാറ്റവും ഇഡി തടഞ്ഞിട്ടുണ്ട്.