ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ ; അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം അവസാനിപ്പിക്കും

ന്യൂഡെല്‍ഹി: പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനാണ് ഗൂഗിള്‍ പേയുടെ നീക്കം. പുതിയ ഫീച്ചറുകള്‍ ഒരുക്കി പുതിയ ഭാവത്തിലെത്തിയാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കാൻ ഒരുങ്ങുന്നത്. കൂടാതെ മറ്റ് പല പുതിയ പരീക്ഷണങ്ങളാണ് ഗൂഗിള്‍ പേയിലൂടെ നടപ്പാക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നു.

അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു. നിലവില്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യാനും പണം കൈമാറാനും മൊബൈല്‍ ആപ്പിനൊപ്പം പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം സേവനവും ലഭ്യമാണ്. അതേസമയം അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന അറിയിപ്പ് വെബ് ആപ്പ് വഴി ഗൂഗിള്‍ പുറത്തിറക്കി.

2021 മുതല്‍ നിങ്ങള്‍ക്ക് പണം മറ്റാര്‍ക്കെങ്കിലും അയയ്ക്കണമെങ്കില്‍ പേ ഡോട്ട് ഗൂഗിള്‍ കോം ഉപയോഗിക്കാന്‍ കഴിയില്ല. പണം അയയ്ക്കാനും സ്വീകരിക്കാനും ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക എന്നാണ് സന്ദേശം. വെബ് ആപ്പ് വഴി പേയ്മെന്റ് രീതികള്‍ നിയന്ത്രിക്കാനാകുമെങ്കിലും പണമിടപാട് അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്ടെന്നുള്ള പണ കൈമാറ്റത്തിന് ഫീസും കമ്പനി ഈടാക്കുമെന്നാണ് സൂചന. ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ ഒന്ന് മുതല്‍ മൂന്ന് പ്രവര്‍ത്തി ദിവസം വരെ സമയമെടുക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി അറിയിക്കുന്നു. പെട്ടെന്നുള്ള പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ വലിയൊരു അനുഗ്രഹമാണ്. ലക്ഷക്കണക്കിനു പേരാണ് ഗൂഗിള്‍ പേ ഉപയോഗിക്കുന്നത്.