ശ്രീനഗർ: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേരാ സെക്ട റിൽ പ്രകോപനവുമില്ലാതെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഏതാനും നാളുകളായി അതിർത്തിയിൽ പാക് പ്രകോപനം തുടർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ ബി എസ് എഫ് എസ് ഐയും നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നൂ. ഉറി, കമൽകോട്ട് സെക്ടറുകളിലെയും, ബരാമുള്ളയിലെയും നിയന്ത്രണ രേഖകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
കേരാൻ സെക്ടറിലെ നിയന്ത്രണ രേഖവഴിയുളള നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പാക് പ്രകോപനം. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ 11 പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.