ന്യൂഡെൽഹി: ഹാഥ്റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവേ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പനുമായി സംസാരിക്കാൻ ഒടുവിൽ അഭിഭാഷകന് അനുമതി. തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് കാപ്പൻ പ്രതികരിച്ചതായി അഭിഭാഷകൻ അറിയിച്ചു. അഭിഭാഷകനായ വിൽസ് മാത്യുവുമായി അഞ്ച് മിനിറ്റ് സമയം സംസാരിക്കാനാണ് കാപ്പനെ അനുവദിച്ചത്.
കഴിഞ്ഞ ഒക്ടോബർ 5 നാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഹാഥ്റസ് കൊലപാതകത്തെ തുടര്‍ന്ന് ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാൻ ചിലര്‍ ശ്രമിച്ചു എന്ന കേസ് കഴിഞ്ഞ മാസം 4നും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ഒന്നരമാസത്തോളമായി പൊലീസ് കസ്റ്റഡിയിലാണ് കാപ്പൻ. ജയിലിൽ മരുന്നും ആഹാരവും കിട്ടുന്നുണ്ടെന്ന് കാപ്പൻ അറിയിച്ചതായും അഭിഭാഷകൻ പറഞ്ഞു. വെള്ളിയാഴ്ച സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കും.