സാമ്പത്തിക ബാധ്യത, എയര്‍ ഏഷ്യ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി: മലേഷ്യന്‍ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഏഷ്യ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കൊറോണ പ്രതിസന്ധിമൂലം കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ടാറ്റയുമായി ചേര്‍ന്നാണ് എയര്‍ ഏഷ്യ വിമാനസര്‍വ്വീസ് നടത്തുന്നത്.

ടാറ്റയ്ക്ക് 51 ശതമാനാണ് കമ്പനിയിലുള്ള ഓഹരി. എയര്‍ ഏഷ്യയുടെ നിലവിലുള്ള 49 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറാനാണ് എയര്‍ ഏഷ്യയുടെ ശ്രമം. സാമ്പതിക ബാധ്യതമൂലം എയര്‍ ഏഷ്യ ജപ്പാനില്‍ വിമാനസര്‍വ്വീസ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഓഹരികള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായാല്‍ സര്‍വ്വീസ് അവസാനിപ്പിക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ഏഴ് ശതമാനാണ് എയര്‍ ഏഷ്യയുടെ വിഹിതം. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ ഏഷ്യ ഇന്ത്യയില്‍ ഇരുപതോളം സര്‍വ്വീസുകളാണ് നടത്തുന്നത്. ടാറ്റയ്ക്ക് എയര്‍ ഏഷ്യയ്ക്ക് പുറമെ വിസ്താര എയര്‍ലൈന്‍സിലും പങ്കാളിത്തമുണ്ട്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സും, ടാറ്റയും ചേര്‍ന്നാണ് വിസ്താര ആരംഭിച്ചത്. അതേസമയം, സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് വിസ്താരയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.