മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അഞ്ചുപേരും തൽക്ഷണം മരിച്ചതായാണ് സൂചന. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഷിയിലെ താമസക്കാരായ മധുസൂദനൻ നായർ, ഭാര്യ ഉമ നായർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ സത്താറയിലെ സർക്കാർ ആശുപത്രിയിലാണുള്ളത്.
നവിമുബൈയിലെ വാഷിയിൽ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്. പുണെയ്ക്കു സമീപം സത്താറയ്ക്കും കരാടിനും ഇടയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
ഉർമുടി പാലത്തിൽ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. പരിക്കേറ്റവരെ കരാടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.