ദീപാവലിക്കു ശേഷം ആരാധനാലയങ്ങൾ തുറക്കുമെന്ന സൂചന നൽകി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ദീപാവലിക്കു ശേഷം ആരാധനാലയങ്ങൾ തുറക്കുമെന്ന സൂചന നൽകി മഹാരാഷ്ട്ര സർക്കാർ. തിരക്ക് ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ദീപാവലിക്കു ശേഷം തയാറാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ആരാധനാലയങ്ങളിൽ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും താക്കറെ പറഞ്ഞു.

മാസ്ക് ധരിക്കാതെ ആൾക്കൂട്ടത്തിലൂടെ യാത്ര ചെയ്യുന്ന ഒരു കൊറോണ രോഗിയിൽനിന്ന് നാനൂറോളം പേർക്ക് രോഗം ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജനങ്ങൾക്ക് നല്ല ആരോഗ്യവും സുരക്ഷയും ഉറപ്പാകുമെങ്കിൽ ഞാൻ ഏതു വിമർശനവും നേരിടാൻ തയാറാണ്. ആരാധനാലയങ്ങളിൽ എങ്ങനെ ആളുകളുടെ തിരക്ക് ഒഴിവാക്കാമെന്നും സാമൂഹിക അകലം ഉറപ്പാക്കാമെന്നും പഠനവിധേയമാക്കിയ ശേഷം കൃത്യമായ ഒരു നടപടിക്രമം ദീപാവലിക്കു ശേഷം പുറത്തിറക്കും.

ആരാധനാലയങ്ങൾ തുറക്കുന്നത് മന്ദഗതിയിലായതിന്റെ പേരിൽ താൻ രൂക്ഷവിമർശനം നേരിടുന്നുണ്ടെന്നും താക്കറെ ഒരു വെബ്‌കാസ്റ്റിൽ പറഞ്ഞു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.‘

ഡെൽഹിയിൽ വൻ തോതിൽ കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നത്. അതിനു പ്രധാന കാരണം മലിനീകരണമാണ്. ഇത്തരം മലിനീകരണത്തിനു കാരണമാകുന്ന പടക്കങ്ങൾ നമുക്ക് ഒഴിവാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി