ലക്നൗ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധര്‍മേന്ദ്ര പ്രതാപ് സിംഗിന് തന്റെ എട്ടടി രണ്ടിഞ്ച് ഉയരം പോലെ ജീവിതത്തിലെ പ്രതിസന്ധികളും കൂടിവരികയാണ്. 45 കാരനായ ധര്‍മേന്ദ്ര ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കുടുംബമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തന്റെ ഉയരക്കൂടുതല്‍ കാരണം പെണ്‍കുട്ടികള്‍ വിവാഹാലോചന വേണ്ടെന്ന് വയ്ക്കുകയാണെന്ന് ധര്‍മേന്ദ്ര പറയുന്നു.
സാദ്ധ്യമെങ്കില്‍ തനിക്ക് സാമ്പത്തിക സഹായമോ ജോലിയോ അനുവദിക്കണമെന്നാണ് ധര്‍മേന്ദ്ര യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിക്കുന്നത്. ‘ എന്റെ നീളം കാരണം ഓഫീസുകളിലേക്കോ കെട്ടിടങ്ങളിലേക്കോ എനിക്ക് പ്രവേശിക്കാന്‍ കഴിയില്ല. എന്റെ ശാരീരിക അവസ്ഥയ്ക്ക് യോജിക്കുന്ന ഒരു ജോലി നല്‍കി സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ‘ യോഗി ആദിത്യനാഥ് തൻ്റെ അഭ്യർഥന പരിഗണിക്കുമോ എന്നറിയാൻ കാത്തിരിക്ക കയാണ് ധര്‍മേന്ദ്ര.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ ധര്‍മേന്ദ്ര തന്റെ ഉയരക്കൂടുതല്‍ കാരണമാണ് ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനായ ധര്‍മേന്ദ്ര തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചാരണങ്ങള്‍ക്കിറങ്ങാറുണ്ട്. ബിരുദാനന്തര ബിരുദധാരിയായ ധര്‍മേന്ദ്ര ജീവിക്കാനായി ഡെല്‍ഹിയിലും മുംബയിലും മറ്റും എത്താറുണ്ടായിരുന്നു.
തന്നെക്കാണുമ്പോൾ ആളുകള്‍ സെല്‍ഫിയെടുക്കാന്‍ വരുമെന്നും ചിലര്‍ പണവും സമ്മാനവും തരുമെന്നും ധര്‍മേന്ദ്ര പറയുന്നു. ഡെല്‍ഹിയിലെ കൊണാട്ട് പ്ലേസ്, മുംബയിലെ ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നിവിടങ്ങളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ധര്‍മേന്ദ്ര കൗതുകമായിരുന്നു. എന്നാല്‍ കൊറോണയ്ക്ക് പിന്നാലെ ലോക്ക്ഡൗണും വന്നതോടെ യാത്രകള്‍ നിലയ്ക്കുകയും വരുമാനം ലഭിക്കാതെയുമായി.
അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ കാരണം ധര്‍മേന്ദ്ര കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഉയരക്കൂടുതല്‍ കാരണം കിടക്ക മുതല്‍ ഓപ്പറേഷന്‍ തിയേറ്ററിലെ ടേബിള്‍ വരെ ശസ്ത്രക്രിയ നടത്തിയ അഹമ്മദാബാദിലെ ആശുപത്രി അധികൃതര്‍ക്ക് പ്രത്യേകം നിര്‍മിക്കേണ്ടി വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഇംപ്ലാന്റുകള്‍ വരെ ധമേന്ദ്രയുടെ ശരീരത്തിന്റെ വലിപ്പക്കൂടുതല്‍ കാരണം ചെന്നൈയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുകയാണ് ചെയ്തത്.
ധര്‍മേന്ദ്രയുടെ സഹോദരനായ രാമേന്ദ്ര മുംബയില്‍ ടാക്സി ഡ്രൈവര്‍ ആണ്. രാമേന്ദ്രയും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജോലിയില്ലാതായതോടെ ഇരുവരും ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിനോട് ധര്‍മേന്ദ്രയുടെ അഭ്യർഥന.