ന്യൂഡെൽഹി: സിഖ് ആരാധനാലയമായ കർത്താർപുർ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം പ്രത്യേക ട്രസ്റ്റിലേക്ക് മാറ്റാനുള്ള പാക് തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. പാക് സർക്കാരിന്റെ നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയത്.
ഗുരുദ്വാരയുടെ നിയന്ത്രണം പാകിസ്താൻ സിഖ് ഗുർദ്വാര പാർബന്ദക് കമ്മിറ്റിയിൽ (പിഎസ്ജിപിസി) നിന്ന് എടുത്തുമാറ്റി സിഖ് സമിതിയല്ലാത്ത ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിന് (ഇടിപിബി) നൽകാനുള്ള വിവാദ തീരുമാനം കഴിഞ്ഞ ദിവസമാണ് പാക് സർക്കാർ കൈകൊണ്ടത്.
നടപടിയെ അപലപിച്ച ഇന്ത്യ, പാകിസ്താന്റെ ഏകപക്ഷീയമായ തീരുമാനം സിഖ് വിഭാഗങ്ങളുടെ വികാരത്തിന് എതിരാണെന്നും പറഞ്ഞു. പാക് സർക്കാരിന്റെയും അവരുടെ നേതൃത്വത്തിന്റെയും യാഥാർഥ്യം തുറന്നുകാണിക്കുന്ന നടപടിയാണിതെന്നും ഇന്ത്യ തുറന്നടിച്ചു.
പാക് നീക്കത്തിൽ ആശങ്കയുണ്ടെന്ന് സിഖ് വിഭാഗക്കാർ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ സിഖ് വിഭാഗക്കാരുടെ അവകാശങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് പാക് സർക്കാരിന്റെതെന്നാണ് അവർ പറയുന്നത്. വിവാദ തീരുമാനം പിൻവലിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.