മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ ശിവസേന മുഖപത്രം സാമ്ന. ദുഃഖിതയായ വിധവ തൻ്റെ ഭർത്താവിന് നീതി തേടി പരാതി നൽകിയതോടെയാണ് അർണബ് അറസ്റ്റിലാകുന്നതെന്ന് സാമ്നയുടെ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.
‘ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതുപോലെ ജനാധിപത്യത്തിൻ്റെ നാലാം തൂണിന് നേരെയുള്ള ആക്രമണമല്ല ഈ അറസ്റ്റ്. സർക്കാരിനെതിരെ എഴുതിയതിന് നിരവധി മാധ്യമപ്രവർത്തകരെയാണ് ഗുജറാത്തിൽ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അന്നൊന്നും ആരും അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തിയിട്ടില്ല’ -എഡിറ്റോറിയൽ പറയുന്നു.
അർണബ് ഗോസ്വാമിയുടെ അറസ്റ്റ് ജനാധിപത്യത്തിന് അപമാനകരമെന്നാണ് കഴിഞ്ഞദിവസം അമിത്ഷാ ആരോപിച്ചത്. ‘കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ വീണ്ടും നാണംകെടുത്തി. റിപ്പബ്ലിക് ടി.വിക്കും അർണബ് ഗോസ്വാമിക്കും എതിരെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിൻ്റെ നാലാംതൂണിനും നേരെയുള്ള ആക്രമണമാണ്. മാധ്യമങ്ങൾക്കെതിരായ ആക്രമണം അടിയന്തിരാവസ്ഥയെ ഓർമപ്പെടുത്തുന്നു’ – എന്നായിരുന്നുഅമിത്ഷാ കുറ്റപ്പെടുത്തിയത്.
ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടെ വരാൻ കൂട്ടാക്കാതിരുന്ന അർണബിനെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.